കര കയറുന്നു റിയൽഎസ്റ്റേറ്റ് ,

Johnys - Malayalam

തിരിച്ചുകയറുകയാണു കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് വിപണി . മാസം വിൽക്കുന്നതു ശരാശരി 150 അപ്പാർട്മെൻറ് .വിറ്റഴിയുന്ന യൂണിറ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടായി ക്രെഡായി കൊച്ചി ചാപ്റ്ററിനു വേണ്ടി കൊച്ചിൻ ചേംബർ  ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നതു റിയൽ എസ്റ്റേറ്റ് വിപണി പതിയെ കരകയറുന്നുവെന്നാണ് . എണ്ണവിലത്തകർച്ച ഗൾഫ് മേഖലയിലുണ്ടാക്കിയ തളർച്ചയും ആഗോള സാമ്പത്തിക ആശങ്കകളും സൃഷ്ട്ടിച്ച ആഘാതത്തിനിടയിലാണ് കൊച്ചിയുടെ കരകയറ്റം. രണ്ടു വർഷം നീണ്ട മാന്ദ്യകാലം  പിന്നിട്ടാണു റിയൽ എസ്റ്റേറ്റ് വിപണിയിൽ കൊച്ചി പതിയെ ചുവടു ബലപ്പെടുത്തുന്നത് . വിശാല കൊച്ചിയെ ഏഴു മേഖലകളായി തിരിച്ചാണു സർവേ നടത്തിയത് .പ്രധാന പാർപ്പിട കേന്ദ്രങ്ങളായ കാക്കനാട് , മറൈൻ  ഡ്രൈവ് , മരട്,കടവന്ത്ര , ആലുവ ,തൃപ്പൂണിത്തുറ, ഇടപ്പള്ളി , മേഖലകൾ സർവേയിൽ ഉൾപ്പെട്ടു . ക്രെഡായിൽ അംഗങ്ങളായ 66 ബിൽഡർമാരുടെയും  പുറത്തുള്ള 65 ബിൽഡർമാരുടെയും ഭവന പദ്ധതികളാണ് സർവേയിൽ ഉൾപ്പെടുത്തിയത് . പൂർത്തിയായ 70 പദ്ധതികളും നിർമാണം പുരോഗമിക്കുന്ന 146 പദ്ധതികളുമാണു പരിഗണിച്ചത്. മൊത്തം 17,377 അപ്പാർട്മെൻറ്   യൂണിറ്റുകൾ . മാർച്ച് 31 വരെ ഇവയിൽ വിൽക്കാത്ത യൂണിറ്റുകൾ 4,557 എണ്ണം മാത്രമാണ്. മുൻവർഷത്തെ അപേക്ഷിച്ച്, പൂർത്തിയായ  അപ്പാർട്മെൻറ്കളുടെ വിൽപനയിൽ 15% വർധനയാണുണ്ടായത്.   കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കു  പ്രകാരം പൂർത്തിയായ 740 യൂണിറ്റുകൾ വിറ്റഴിയാതെ കിടന്നപ്പോൾ ഇക്കുറി ,പൂർത്തിയായ യൂണിറ്റുകളിൽ 638 എണ്ണം മാത്രമാണു വിറ്റഴിയാതെയുള്ളൂ. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്‌തമായി  120 ലക്ഷം രൂപയ്ക്കു മുകളിലുള്ള ആഡംബര യൂണിറ്റുകളുടെ വിൽപനയിൽ ഇക്കുറി വർധന ദ്യശ്യമായി. കഴിഞ്ഞ ഓഗസ്റ്റ്‌ വരെ ഈ വിഭാഗത്തിൽ 1086 യൂണിറ്റുകൾ വാങ്ങാനാളില്ലായിരുന്നു. ഇക്കുറി അത് 755 യൂണിറ്റായി കുറഞ്ഞു .