ആർ ബി ഐ യുടെ പേരിൽ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്,

Johnys - Malayalam

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  പേരിൽ ക്രെഡിറ്റ്‌ കാർഡും ഡെബിറ്റ് കാർഡും നൽകി തട്ടിപ്പ് നടത്തുന്നതിനെതിരെ  ജാഗ്രത പാലിക്കാൻ ആർ ബി ഐ മുന്നറിയിപ്പ് നൽകി .ഒരു അക്കൗണ്ടിൽ നിന്നും നിശ്ചിത തുക ആദ്യം പിൻവലിക്കാൻ കഴിയുന്ന രീതിയിൽ ആണ് കാർഡ്‌ നൽകുന്നത്.അതിനു ശേഷം കാർഡു ലഭിക്കുന്നവരോട് വലിയൊരു തുക ഈ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പറയും .പണം അക്കൌണ്ടിൽ ഇട്ടാൽ പിന്നെ കാർഡ്‌ പ്രവർത്തനരഹിതമാകും.ഇത്തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധയിൽ പെട്ടതോടെ ആണ് ആർ ബി ഐ ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഒരിക്കൽ പണം നൽകിയാൽ അത് തിരികെ കിട്ടാനുള്ള സാധ്യത വിരളമാണെന്നു  ആർ ബി ഐ വ്യക്തമാക്കി .സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട്‌ കറന്റ്‌ അക്കൗണ്ട്‌ ,ക്രെഡിറ്റ്‌ കാർഡ്‌ ,ഡെബിറ്റ് കാർഡ്‌ ഓണ്‍ലൈൻ ബാങ്കിംഗ് എന്നിങ്ങനെ ഒരു തരത്തിലും പൊതു ജനങ്ങളുമായി ആർ ബി ഐ നേരിട്ട് ഇടപാടുകൾ നടത്തുന്നില്ലെന്നും  മുന്നറിയിപ്പിൽ പറയുന്നു . ആർ ബി ഐ യുടെ വെബ്‌ സൈറ്റിന്റെ  മാതൃക ഉണ്ടാക്കിയും അടുത്തിടെ തട്ടിപ്പുകൾ നടന്നിരുന്നു .ഓണ്‍ലൈൻ ഇടപാടുകളും ജോലി വാഗ്ദാനങ്ങളും മറ്റുമാണ് വെബ്‌ സൈറ്റിലൂടെ തട്ടിപ്പുകാർ വാഗ്ദാനം ചെയ്തിരുന്നത്.ഇത്തരം തട്ടിപ്പ് വെബ്സൈറ്റ് കളിലൂടെ ബാങ്ക് അക്കൌണ്ടുകളുടെ യൂസർ ഐ ഡി യും പാസ്‌ വേഡും ഒരു കാരണവശാലും നൽകരുത്. ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്‌ മുന്നറിയിപ്പ്. ഇതേ മാതൃകയിൽ അന്താരാഷ്ട്ര നാണയ നിധിയുടെ പേരിലും ആദായ നികുതിയുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നു.

                                                                                                                                                               മാതൃഭൂമി