ഭൂമിയേറ്റെടുക്കൽ നിയമ ഭേദഗതിയെ കോണ്‍ഗ്രസ്‌ പിന്തുണച്ചേക്കും,

Johnys - Malayalam

ഭൂമിയേറ്റെടുക്കൽ  നിയമത്തിലെ കർക്കശ നിബധനകൾ ഭേദഗതി ചെയ്യുന്നതിനെ കോണ്‍ഗ്രസ് അനുകൂലിച്ചേക്കും. ഭൂമിയേറ്റെടുക്കൽ ഏറെകുറെ അസാധ്യമാക്കുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളതെന്നു  പാർട്ടിക്കുള്ളിൽ   അഭിപ്രായമുയർന്നിട്ടുണ്ട്.

സ്വകാര്യ പദ്ധതികൾക്കു  ഭൂമിയേറ്റെടുക്കണമെങ്കിൽ  80% സ്ഥലവാസികളും പൊതുപദ്ധതികൾക്കാണെങ്കിൽ  70% പേരും അംഗീകാരം  നൽകണമെന്ന വ്യവസ്ഥയാണ്‌  ഏറ്റവും കർക്കശം. എത്ര ജനകീയ നടപടിക്കും ഇത്രയേറെ പിന്തുണ പ്രതീക്ഷിക്കാനാവില്ലെന്നു പ്രമുഖ നേതാവു പറഞ്ഞു.കെ .വി തോമസിൻറെ നേതൃത്വത്തിൽ കോണ്‍ഗ്രസ്  അധ്യക്ഷ സോണിയ ഗാന്ധി രൂപം നൽകിയിട്ടുള്ള സമിതി , നിയമവ്യവസ്ഥകളെകുറിച്ചു വിശദചർച്ച  നടത്താനിരിക്കുകയാണ് . ആനന്ദ്‌ ശർമ, ജയറാം രമേശ്‌ എന്നിവർ സമിതിയംഗങ്ങളാണ് .

120 വർഷം പഴക്കമുള്ള ഭൂമിയേറ്റെടുക്കൽ നിയമത്തിനു (1894) പകരമുള്ള നിയമം മുൻ ഗ്രാമവികസന മന്ത്രി ജയറാം രമേശാണ് കൊണ്ടുവന്നത് . കർഷകർക്കു ഭൂമിക്കുമേൽ ഉടമാവകാശം നിലനിർത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു . കേന്ദ്ര നിയമത്തിലെ നഷ്ട്ടപരിഹാര, പുനരധിവാസ വ്യവസ്ഥകൾ മെച്ചപെടുത്തി സ്വന്തം നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനും സുവ്യക്ത നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്ന നിയമം രാജ്യത്തിൻറെ വ്യാവസായിക വളർച്ചയെ പിന്നോട്ടടിക്കുമെന്ന വിമർശനം തുടക്കത്തിൽ തന്നെ വ്യവസായ ലോബി ഉന്നയിച്ചിരുന്നു . പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് ഭൂമിയെറ്റെടുക്കും മുൻപുതന്നെ നഷ്ടപരിഹാരത്തിൻറെ മൂന്നിലൊന്നു നല്കുക ,പട്ടിക വർഗ വിഭാഗക്കാരെ ഒരേ സ്ഥലത്തുതന്നെ പുനരധിവസിപ്പിക്കുക , ഗ്രാമപ്രദേശങ്ങളിൽ വിപണിവിലയുടെ നാലിരട്ടി വരെയും നഗരങ്ങളിൽ രണ്ടിരട്ടി വരെയും നഷ്ട്ടപരിഹാരം നൽകുക, വികസന പദ്ധതികളിൽ പദ്ധതിമേഖലയിൽ നിന്നുള്ള കുടുംബങ്ങൾക്കു പങ്കാളിത്തം , ജോലി തുടങ്ങിയ വ്യവസ്ഥകളും നിയമത്തിലുണ്ട്.

മലയാള മനോരമ