ഇനി വരുന്നത് ഡിജിറ്റൽ യുഗം, കേരളത്തിന് സാധ്യതകളേറെ,

Johnys - Malayalam

ഐ ടി രംഗത്തെ മുന്നേറ്റങ്ങൾ ഡിജിറ്റൽ യുഗത്തിനു തുടക്കമിട്ടിരിക്കുകയാണെന്നും ഈ മേഖലയിൽ കേരളത്തിന് സാധ്യതകളുണ്ടെന്നും ഐബിഎസ് ചെയർമാനും സംസ്ഥാന ഇന്നവേഷൻ കൗണ്‍സിൽ അംഗവുമായ വി.കെ. മാത്യൂസ്‌. ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, ക്രമസമാധാന മേഖലകളിൽ വിപ്ലവങ്ങളുണ്ടാക്കാനാകും. ഡിജിറ്റൽ വിപ്ലവത്തിന് നേതൃത്വം നൽകാൻ സംസ്ഥാന സർക്കാർ ഡിജിറ്റൽ മിഷന് രൂപം നൽകണമെന്നുംഅദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങൾ തമ്മിൽ ഡിജിറ്റൽ ബന്ധം സ്ഥാപിച്ചാൽ പ്രഗൽഭരായ അധ്യാപകരുടെ ക്ലാസുകൾ എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കാനാകും. ആരോഗ്യ മേഖലയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം എല്ലാ ആശുപത്രികൾക്കും ലഭിക്കുന്ന സാഹചര്യമുണ്ടാകും.98% ആധാർ കാർഡുകളുള്ള കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ കുറ്റവാളികളുടെ ഡിജിറ്റൽ ഡേറ്റ തയ്യാറാക്കിയാൽ പോലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനാകും.

ഡിജിറ്റൽ യുഗത്തിൽ മുന്നിലെത്തെണമെങ്കിൽ ബ്രോഡ്‌ബാൻഡ് കണക്ടിവിറ്റിയാണ് ആവശ്യഘടകം. ഇക്കാര്യത്തിൽ ഇന്ത്യ മുന്നിലാണമെങ്കിലും കേരളത്തിന് ഇനിയും മുന്നേറാനുണ്ട്. കേരളത്തിലെ ദേശീയ പാതകളിൽ സൗജന്യ വൈഫൈ സംവിധാനം നടപ്പാക്കണം. ഐ ടി നയം രൂപവൽക്കരിച്ചതു പോലെ  കേരളം ഡിജിറ്റൽ നയത്തിനു രൂപം നൽകണം.ഡിജിറ്റൽ മിഷൻറെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു  നടപ്പാക്കണം . ഇക്കാര്യത്തിൽ സർക്കാരുമായി സഹകരിക്കാൻ ഐടി  കമ്പനികളുടെ കൂട്ടായ്മയായ  ജിടെക് തയാറാണെന്നും ജിടെക്  ചെയർമാൻ കൂടിയായ  മാത്യൂസ് പറഞ്ഞു. ലോകം ഡിജിറ്റൽ യുഗത്തിലേക്കു മാറുന്നതോടെ നിലവിലുള്ള വ്യവസായങ്ങളും സംരംഭങ്ങളും വലിയ വെല്ലു വിളിയാണുനേരിടുന്നത്. 2009 വരെ ലോകത്തിലെ ഏറ്റവും വലിയ ഫിലിം കമ്പനിയായിരുന്നു കൊഡാക്ക്. ഡിജിറ്റൽ യുഗത്തിലേക്ക് മാറാൻ മടിച്ച അവർ ഇപ്പോൾ ജപ്തിയിലായി. ഡിജിറ്റൽ സാങ്കേതിക വിദ്യ വളർന്നതോടെ ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമാണ് വ്യവസായികൾക്ക് കൈവന്നിരിക്കുന്നത്. ഓണ്‍ലൈൻ വിൽപ്പനയിലുണ്ടായ വൻകുതിപ്പ് ഇതിൻറെ തെളിവാണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞു മാറ്റങ്ങൾ വരുത്താൻ തയാറായില്ലെങ്കിൽ ഒരു കമ്പനിക്കും നിലനിൽപ്പുണ്ടാകില്ല. എന്തെങ്കിലുമുണ്ടാക്കി വിപണിയിൽ തള്ളുന്ന കാർപ്പറ്റ് ബോംബിങ്ങിൻറെ കാലം കഴിഞ്ഞു. കമ്പനികളുടെ മൂല്യം ഇപ്പോൾ ഭൗതിക ആസ്തികളുടെ അടിസ്ഥാനത്തിലല്ല. ലോകത്തിലെ വലിയ 20 ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ ഫേസ്ബുക്കിനെപ്പോലുള്ള സോഷ്യൽ മീഡിയ സ്ഥാപനങ്ങളെത്തി.

ലോകത്തിലെ ഏറ്റവും വലിയ ടാക്സി സർവീസ് ആയ യൂ ബെറിന് സ്വന്തമായി ഒരു കാറു പോലുമില്ല. എയർ ബി ആൻഡ്‌ ബി എന്നാ ഓണ്‍ലൈൻ കമ്പനിക്ക് ലോകത്തൊരിടത്തും ഹോട്ടലുകളില്ല. പക്ഷേ, അവരുടെ വിപണിമൂല്യം ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പുകളേക്കാൾ ഉയർന്നതാണ്. ഡിജിറ്റൽ യുഗത്തിൽ ബങ്കിങ്  രീതിയിലും സമൂലമായ മാറ്റങ്ങളുണ്ടാകും. 2020 ആകുമ്പോഴേക്കും 50% ബാങ്ക് ശാഖകളും പൂട്ടുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ സാഹചര്യത്തിൽ എല്ലാ ബാങ്കുകളുടെയും സേവനം ലഭിക്കുന്ന ബൂത്തുകളായി ഈ ഓഫീസുകൾ മാറിയേക്കാം. ജനങ്ങൾക്ക്‌ സ്വന്തം ഫോണിൽ ബങ്കിങ് ഇടപാടുകൾ മുഴുവൻ നടത്താൻ കഴിയുന്ന കാലത്ത് ശാഖകളുടെ ആവശ്യകത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

ടൂറിസം, ട്രാവൽ ഉൾപ്പെടെ പല മേഖലകളിലും ഈ ഡിജിറ്റൽ വെല്ലുവിളിയുണ്ട്. ഇത് ക്രിയാൽമകമായി നേരിടാനും കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാനും കഴിയുന്ന വ്യവസായങ്ങൾക്കും സംരംഭകർക്കും മാത്രമേ പിടിച്ചുനിൽക്കാനാകൂ എന്നും മാത്യുസ് പറഞ്ഞു.