ഇന്ത്യയുടെ പ്രതിരോധ ഉൽപ്പന്നം വിദേശ വിപണിയിലേക്ക് മ്യാൻമാർ വാങ്ങുന്ന സോണാർ സിസ്റ്റം കൊച്ചിയിൽ വികസിപ്പിച്ചത്,

Johnys - Malayalam

പ്രതിരോധ ഗവേഷണ, വികസന സ്ഥാപനം (ഡി ആർ ഡി ഒ) രാജ്യാന്തര പ്രതിരോധ ഉപകരണ വിപണിയിലേക്ക്. ഡിആർഡിഒ കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷനോഗ്രാഫിക് ലബോറട്ടറിയുടെ സഹകരണത്തോടെ വികസിപ്പിച്ച  ഇൻറെഗ്രേറ്റഡ് ഷിപ്‌ സോണാർ സിസ്റ്റം മ്യാൻമറാണ് വാങ്ങുന്നത്. മ്യാൻമറിൻറെ ഓങ്സെയ ക്ലാസിൽപ്പെട്ട യുദ്ധക്കപ്പലുകലാണിത് ഉപയോഗിക്കുക. ശബ്ദ തരംഗങ്ങൾ ഉപയോഗിച്ചു കപ്പലുകളുടെ കടൽ യാത്ര സുഗമമാക്കുന്ന സംവിധാനമാണ് സോണാർ സിസ്റ്റം. ഇത് പുറപ്പെടുവിക്കുന്ന ശബ്ദ തരംഗങ്ങൾ കടലിനു അടിയിലെ തടസങ്ങളിൽ തട്ടുമ്പോഴുണ്ടാകുന്ന പ്രതിധ്വനിയിൽ നിന്നാണു തടസ്സങ്ങൾ മനസിലാക്കാൻ കഴിയുന്നത്. വെള്ളത്തിനടിയിലെ തടസ്സങ്ങൾ കണ്ടെത്താൻ കഴിയുന്നതിനാൽ യാത്രയിലെ അപകട  സാധ്യത കുറയ്ക്കാൻ സോണാർ സംവിധാനം കപ്പലുകളെ സഹായിക്കും. പ്രത്യേകിച്ചും, മുങ്ങിക്കപ്പൽ പോലുള്ള യുദ്ധക്കപ്പലുകൾക്ക്. ഇന്ത്യൻ നാവികസേന ഡിആർഡിഒ നിർമിത സോണാർ സിസ്റ്റം നേരത്തെ മുതൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുവരെ രാജ്യാന്തര വിപണിയിൽ പ്രവേശിച്ചിരുന്നില്ല. എന്നാൽ, പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിലെ വ്യവസ്ഥകൾ ഉദാരമാക്കിയതോടെയാണു ഡിആർഡിഒയ്ക്കു മുന്നിൽ ആഗോള വാണിജ്യ സാധ്യതകൾ തുറന്നുകിട്ടിയത്. സോണാർ സിസ്റ്റത്തിൻറെ അനുബന്ധ ഘടകങ്ങളായ സോണാർ ഡോം, ഡിറക്ടിങ് ഗീയർ തുടങ്ങിയവ കൂടി ഡി ആർഡിഒ യിൽ നിന്നു വാങ്ങാൻ മ്യാൻമർ കരാർ നൽകിയിട്ടുണ്ട്. ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കും സോണാർ സിസ്റ്റം ലഭ്യമാക്കുന്നതിനായി ഡിആർഡിഒ ചർച്ച തുടങ്ങിക്കഴിഞ്ഞു. രാജ്യാന്തര പ്രതിരോധ ഉപകരണ പ്രദർശനങ്ങളിലും ഡിആർഡിഒ സജീവമാണ്. പൊതുമേഖലയിലെ കെൽട്രോണ്‍, എച്ച്എംടി എന്നിവയിൽ നിന്നാണു സോണാർ സിസ്റ്റം നിർമാണത്തിനായുള്ള ഘടകങ്ങൾ എൻപിഒഎൽ വാങ്ങുന്നത്. സോണാർ സംവിധാനം കടൽ കടന്നും വിപണി നേടുന്നതിൻറെ നേട്ടം ഈ സ്ഥാപനങ്ങൾക്കും ലഭിക്കും.

മലയാള മനോരമ     18/12/2014