കാക്കനാടിന്റെ ഗേറ്റ് വേ ,

Johnys - Malayalam

കിഴക്കോട്ട് കുതിക്കുന്ന കൊച്ചിയുടെ വികസന ചക്രവാളത്തിലെ പുതിയ ഉദയ സൂര്യനാണ് വെണ്ണല. ന്യൂ കൊച്ചിയുടെ സിരാകേന്ദ്രമായ  കാക്കനാടിന്റെ ഗേറ്റ് വേ എന്ന് വെണ്ണലയെ വിശേഷിപ്പിച്ചാൽ അതിൽ ഒട്ടുമില്ല അതിശയോക്തി. പുല്ലേപ്പടി- ഇൻഫോപാർക്ക്  നാലുവരി പാത യാഥാർഥ്യമാകുന്നതോടെ ഒരേ സമയം കൊച്ചിയിൽ നിന്നും കാക്കനാട്ടുനിന്നും അതിവേഗം വെണ്ണലയിലെത്താം. ഈ നാലുവരി പാതയുടെ അലൈൻമെന്റ് പൂർത്തിയായിക്കഴിഞ്ഞു. അതായത് ഇനി കണ്ണടച്ചു തുറക്കും മുമ്പായിരിക്കും ഈ പ്രദേശത്തിന്റെ വികസനം.ഒട്ടുമിക്ക റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്സും വെണ്ണലയിൽ കണ്ണു വച്ചുകഴിഞ്ഞു. നിക്ഷേപത്തെ പതിന്മടങ്ങാക്കാൻ അവസരത്തിനായി കാത്തുകാത്തിരുന്ന സമർത്ഥരുടെ കണ്ണേറുവീണ വെണ്ണലയിൽ സ്ഥലവിലയിൽ കുതിപ്പ് പ്രകടമായിത്തുടങ്ങി.

സവിശേഷതകൾ നിരവധി : നഗരത്തിരക്കിനിടയിൽ സ്വസ്ഥമായൊരു ഇടം. ഇപ്പോൾ വെണ്ണലയെ പ്രത്യക്ഷത്തിൽ കണ്ടാൽ അങ്ങനെ തോന്നാം. കൊച്ചി നഗരത്തിൽ നിന്ന് വെറും ഒൻപത് കിലോമീറ്റർ മാത്രമാണ് വെണ്ണലയിലേക്കുള്ള ദൂരം. വൈറ്റില, ഇടപ്പള്ളി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്ന് ദൂരം വെറും നാലുകിലോമീറ്റർ മാത്രം. ഇതൊക്കെകൊണ്ടുതന്നെ  കൊച്ചിയിലുണ്ടാകുന്ന ഏതു വികസനത്തിന്റെയും ആദ്യഫലം എത്തുന്നത് വെണ്ണലയിലായിരിക്കും. വൈറ്റിലയിൽ മൊബിലിറ്റി ഹബ് വന്നുകഴിഞ്ഞു. മെട്രോ സ്റ്റേഷൻ കൂടി എത്തുന്നതോടെ റോഡ് മാർഗവും ജല മാർഗവും ട്രെയിൻ മാർഗവും ഏറ്റവും സുഗമമായ സഞ്ചാര മാർഗങ്ങളുടെ ഹബ് ആയി വൈറ്റില വളരും. അതോടെ ബിസിനസിന്റെയും ട്രേഡിങിന്റെയും സിരാകേന്ദ്രമായി വൈറ്റില മാറും എന്നാണ് റിയൽ എസ്റ്റേറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.

പ്രാധാന്യം ഏറുന്നു : കൊച്ചി നഗരത്തിന്റെ അവസാനഘട്ട വളർച്ചാവേളയിൽ പനമ്പിള്ളി നഗറിനു വന്നതുപോലുള്ള പ്രാമുഖ്യം ഇനിയുള്ള ഏതാനും വർഷങ്ങളിൽ വെണ്ണലയ്ക്ക് കൈവരും എന്ന  കണക്കുകൂട്ടലിലാണ് ബിൽഡേഴ്‌സ് ഇവിടെ സ്ഥലം വാങ്ങുന്നത്. വെണ്ണലയുടെ പ്രാധാന്യം പലരും വൈകിയാണ് മനസിലാക്കിത്തുടങ്ങിയത്. അതുകൊണ്ടുതന്നെ കൊച്ചിയുടെ പല പ്രദേശങ്ങളിലും  സ്ഥലവില നാലും അഞ്ചും ഇരട്ടിയായി ഉയർന്നിട്ടും അത്തരത്തിലുള്ള ഉയർച്ച വെണ്ണലയിൽ പ്രകടമായിരുന്നില്ല. ഇവിടെ താരതമ്യേന വില കുറവായിരുന്നെങ്കിലും സ്ഥലവിലയിൽ ഉയർച്ചയുടെ സൂചനകൾ പ്രകടമായിക്കഴിഞ്ഞു.