കേന്ദ്രം മാതൃകാ കുടിയായമ നിയമം ഉണ്ടാക്കുന്നു ,

Johnys - Malayalam

വാടകക്കാരുടെയും കെട്ടിട ഉടമകളുടെയും താൽപര്യ സംരക്ഷണത്തിനായി കേന്ദ്രം   മാതൃകാ കുടിയായമ നിയമം ഉണ്ടാക്കുന്നു പുതിയ റിയൽ എസ്റ്റേറ്റ്‌ ബില്ലിന്  തുടർച്ചയായി മോഡൽ ടെനൻസി ആക്ട് പരിഗണനയിലുണ്ടെന്നു കേന്ദ്ര നഗരവികസനമന്ത്രി  വെങ്കയ്യ നായിഡു  ലോക്സഭയിൽ പറഞ്ഞു . റിയൽ എസ്റ്റേറ്റ്‌ ബില്ലിന്റെ ചർച്ചയക്ക്  മറുപടി പറയുകയായിരുന്നു  അദ്ദേഹം .കഴിഞ്ഞയാഴ്ച  രാജ്യസഭ പാസാക്കിയ ബില്ല് ലോക്സഭയും അംഗീകരിച്ചു . കുടിയായമ {ടെനൻസി} സംസ്ഥാനങ്ങളുടെ അധികാരത്തിൽവരുന്ന വിഷയമാണ് . വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത  നിയമങ്ങളാണ് നിലവിലുള്ളത് .    ഈ മേഖലയിൽ രാജ്യമൊട്ടുക്കും പൊതുവ്യവസ്ഥ ഉണ്ടാക്കാനാണ് കേന്ദ്രം മാതൃകാനിയമത്തിന് തയ്യാറെടുക്കുന്നത്. എന്നാൽ സംസ്ഥാനങ്ങൾ അത് നടപ്പാക്കണമെന്നില്ല. വേണമെങ്കിൽ അതംഗീകരിക്കാമെന്നുമാത്രം.   റിയൽ എസ്റ്റേറ്റ്‌  ബില്ലിനെ എല്ലാ പാർട്ടികളും പിന്തുണച്ചു . മുൻ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ബില്ലാണിത് . രാജ്യസഭയുടെ സെലക്ട് കമ്മിറ്റി ചില ഭേദഗതികൾ നിർദേശിച്ചിരുന്നു.  അവകൂടി ചേർത്തുള്ള പുതിയ ബില്ലാണ് ഇപ്പോൾ പാർളമെന്റിന്റെ ഇരുസഭകളും പാസാക്കിയത് . കെ .സി .വേണുഗോപാൽ ,ഇ .ടി .മുഹമ്മദ് ബഷീർ, എൻ. കെ .പ്രേമചന്ദ്രൻ, എ.സമ്പത്ത് ,എം .കെ .രാഘവൻ,ജോയ്സ് ജോർജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു . 500 ചതുരശ്ര മീറ്ററിൽ കുറവോ എട്ട് അപ്പാർട്ട്മെന്റുകളിൽ  കുറവോ ഉള്ള പദ്ധതികൾ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക്‌ ഗുണകരമാവില്ലെന്ന് വേണുഗോപാൽ പറഞ്ഞു . ബില്ലിലെ "അലോട്ടി" യെന്ന വാക്കിന്റെ നിർവചനത്തിൽ ,കെട്ടിടം വാങ്ങാനോ  വിൽക്കാനോ ഉദ്ദേശിക്കുന്ന വ്യക്തി എന്ന വിശേഷണം കൂടി ചേർക്കണം . റിയൽ എസ്റ്റേറ്റ്‌  റഗുലേറ്ററി അതോറിറ്റിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന്  ഇ .ടി .മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു . സംസ്ഥാനങ്ങൾ ഇതിനകം തന്നെ നിയമമുണ്ടാക്കുകയും ആ മേഖലയിൽ കേന്ദ്രനിയമം വരികയും ചെയ്യുമ്പോഴുണ്ടാവുന്ന ആശയക്കുഴപ്പം പരിഹരിച്ച് പ്രായോഗികപരിഹാരം കണ്ടെത്തണം .റിയൽ എസ്റ്റേറ്റ് രംഗത്ത്‌ റഗുലേറ്ററി അതോറിറ്റി, ഉപദേശക സമിതി , അപ്പല്റ്റ്  ട്രൈബ്യൂണൽ എന്നിവയ്ക്ക് പുറമേ  ജില്ലാതലത്തിലും  പ്രത്യക സംവിധാനം ആവശ്യമാണെന്ന് എം .കെ രാഘവൻ ആവശ്യപ്പെട്ടു .