ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു ,

Johnys - Malayalam

ഇന്ത്യൻ ഓഹരി വിപണി ദീപാവലി മുഹൂർത്ത വ്യാപരത്തിനായുള്ള

ഒരുക്കത്തിലാണ്.  ഒക്ടോബർ 23 ആണ് പ്രത്യേക മുഹൂർത്ത വ്യാപാരം. കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിലേറിയതും  ആഗോള വിപണിയിൽ ക്രൂഡോയിൽ വില താഴുന്നതുമൊക്കെ വിപണി ആവേശത്തോടെ ആണ് കാണുന്നത്. 2014 തുടക്കം മുതൽ വിപണിയിൽ മുന്നേറ്റം പ്രകടമാണ്.

     ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 25.5 ശതമാനവും ദേശീയ സൂചികയായ നിഫ്റ്റി 26 ശതമാനവുമാണ് ഒമ്പത് മാസം കൊണ്ട് ഉയർന്നത്. വളർന്നു വരുന്ന വിപണികളിൽ  ഏറ്റവും വലിയ കുതിപ്പ് നടത്തിയത് ഇന്ത്യൻ സൂചികകളാണ്.

ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ഇന്തോനേഷ്യൻ ഓഹരി സൂചികയായ ജക്കാർത്ത  ഇന്തോനേഷ്യൻ ഓഹരി സൂചികയായ ജക്കാർത്ത കോം പോസിറ്റീവ് ഇൻടെക്സ് (15.8 ശതമാനം വളർച്ച) ആണ്.  ചൈന, ബ്രസീൽ , ദക്ഷിണാഫ്രിക്ക എന്നീ വിപണികളുടെ നേട്ടം 10 ശതമാനത്തിന് താഴെ മാത്രം. ദക്ഷിണകൊറിയൻ വിപണിയാകട്ടെ 1.8 ശതമാനം ഇടിയുകയും ചെയ്തു.

സെൻസെക്സ് 22,000, 23,000, 24,000, 25,000, 26,000, 27,000 എന്നീ കടമ്പകൾ ഭേദിച്ചത് 2014 ലാണ്.  വൻതോതിൽ വിദേശ നിക്ഷേപം ഒഴുകിയതാണ് ഇന്ത്യൻ സൂചികകളിലെ കുതിപ്പിന് വേഗം കൂട്ടിയത്. 1381 കോടി ഡോളറാണ്  (ഏതാണ്ട് 85,000 കോടി രൂപ) ഒമ്പത് മാസം കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തിയത്. ഡോളറിനെതിരെ  രൂപയുടെ മൂല്യത്തിൽ സ്ഥിരത കൈവരിച്ചതും കേന്ദ്രത്തിൽ ബി.ജെ.പി. യുടെ നേതൃ ത്വ ത്തിൽ മികച്ച ഭൂരിപക്ഷമുള്ള  സർക്കാർ അധികാരത്തിലേറിയതും  നേട്ടമായി. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞത് ഇന്ത്യയിൽ പണപ്പെരുപ്പം കുറയ്ക്കുമെന്ന  ആശ്വാസമുണ്ട്. കഴിഞ്ഞാഴ്ച്ച ബ്രെൻറ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് താഴെയെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ ഡീസലിന് വില കുറയ്ക്കുമെന്നാണ് കരുതുന്നത്.   വിലകയറ്റം കുറഞ്ഞാൽ അടുത്ത വർഷം  ആദ്യതോടെയെങ്കിലും പലിശ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറായേക്കും. വേഗത്തിലുള്ള വളർച്ചയിലേക്ക് മടങ്ങിയെത്താൻ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് അത് ഊർജമാകും. 

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സാമ്പത്തിക ഉത്തേജക പാക്കേജ് വെട്ടിക്കുറയ്ക്കുമെന്ന് പ്രഘ്യാപിച്ചതോടെ കഴിഞ്ഞ വർഷം വിപണികളിൽ ഇടിവുണ്ടായിരുന്നു. 2013 മെയ് മുതൽ സപ്തംബർ വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് 300 കോടി ഡോളറാണ് പിൻവലിച്ചത്.  എന്നാൽ, നരേന്ദ്ര മോദിയെ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഘ്യാപിച്ചതോടെ വിപണി കയറാൻ തുടങ്ങി. റിസർവ് ബാങ്കിന്റെ തലപത്ത് രഘുറാം രാജൻ എത്തിയതും വിപണിയിൽ ഉണർവുണ്ടാക്കി. ഇതിന്റെയൊക്കെ ഫലമായി 2013 സപ്തംബർ മുതൽ ഇങ്ങോട്ട് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 2200 കോടി ഡോളറിന്റെ അറ്റ നിക്ഷേപമാണ് നടത്തിയത്.

അതിനിടെ, വിപണിയിലെ ഉണർവ് കമ്പനികളുടെ ലയനങ്ങളും ഏറ്റെടുക്കലുകളും വർധിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്.  

2014 ജനുവരി മുതൽ സപ്തംബർ വരെയുള്ള കാലയളവിൽ ആഭ്യന്തര കമ്പനികളുടെതായി 2610 കോടി ഡോളറിന്റെ ഇടപാടാണ് ഇത്തരത്തിൽ നടന്നത്. 2011 ന്  ശേഷമുള്ള ഏറ്റവും ഉയർന്ന തോതാണ്  ഇത്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 16.5 ശതമാനമാണ് വളർച്ച.

ഓഹരി വിപണിയിലെ മുന്നേറ്റം മ്യൂച്വൽ ഫണ്ട്‌ നിക്ഷേപങ്ങളിലും ഉണർവുണ്ടാക്കിയിരിക്കുകയാണ്. രാജ്യത്തെ 45 മ്യൂച്വൽ ഫണ്ട്‌ സ്ഥാപനങ്ങളിലെയും കൂടി നിക്ഷേപത്തിന്റെ വിപണി മൂല്യം 10.6 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസമാണ് രാജ്യത്തെ മൊത്തം മ്യൂച്വൽ ഫണ്ട്‌ ആസ്തിയുടെ മൂല്യം ആദ്യമായി 10 ലക്ഷം കോടി കടന്നത്‌.

അടുത്ത വർഷം ഡിസംബറിൽ സെൻസെക്സ് 31,000 കടക്കുമെന്നാണ് അമേരിക്കയിലെ സിറ്റി ഗ്രൂപ്പിന്റെ അനുമാനം. ഒന്നേകാൽ വർഷം കൊണ്ട് അത് സംഭവിക്കണമെങ്കിൽ രാജ്യത്ത് പണപ്പെരുപ്പം  കുറയുകയും വളർച്ചാനിരക്ക് ഉയരുകയും ചെയ്യണം.

 

                                                                                                                                                                                          മാതൃഭൂമി