ശ്രീലങ്കയുമായി ടൂറിസം സഹകരണത്തിന് ഉന്നതാധികാര സമിതി ,

Johnys - Malayalam

കേരളവും ശ്രീലങ്കയുമായി ടൂറിസം ഉൾപെടെയുള്ള മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ ഹൈപവർ കമ്മിറ്റി രൂപീകരിക്കുന്നു. ശ്രീലങ്കൻ ഹൈകമ്മീഷണർ പ്രഫ. സുദർശനൻ സേനെ വിരാട്നെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ശ്രീലങ്കയിൽ നിന്നുള്ള വ്യവസായികളുടെ സംഘം അടുത്തമാസം കേരളം സന്ദർശിക്കും. മന്ത്രി എ.പി അനിൽകുമാറിൻറെ നേതൃത്വത്തിലുള്ള കേരള സംഘവുമായി ലങ്കൻ ടൂറിസം മന്ത്രി നടത്തിയ ചർച്ചയെത്തുടർന്നു കൊളംബോ - കൊച്ചി ഉല്ലാസക്കപ്പൽ സർവീസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് രൂപം നൽകി വരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണ് പദ്ധതികൾ വൈകുന്നത്. വിദ്യാഭ്യാസ - സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളിലും കേരളവുമായി സഹകരിക്കാൻ ശ്രീലങ്കയ്ക്ക് താല്പര്യമുണ്ട്. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ ഹൈപവർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ചർച്ച നടത്തും. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ അതിർത്തിലംഘനത്തിൻറെ പേരിൽ ശ്രീലങ്ക നടപടിയെടുക്കാറില്ല. എന്നാൽ, വൻകിട ബോട്ടുകളുമായി അതിർത്തി ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ കഴിയില്ല. കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുമായി ഇത്തരം പ്രശ്നങ്ങൾ അപൂർവമാണ്‌. അതേസമയം, കടൽ സുരക്ഷയുടെ കാര്യത്തിൽ ശ്രീലങ്കയും  ഇന്ത്യയും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും  പ്രഫ. സുദർശൻ  പറഞ്ഞു . ഗവർണർ പി .സദാശിവം  മന്ത്രി പി .കെ കുഞ്ഞാലിക്കുട്ടി  എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി. ശ്രീലങ്കൻ കോണ്‍ സുൽ ജനറൽ ജോമോൻ ജോസഫും ചർച്ചകളിൽ പങ്കെടുത്തു.