വീട് വാങ്ങുമ്പോൾ അറിയേണ്ടത്,

Johnys - Malayalam
പല നിർമാതാക്കളും ബാങ്ക് ലോൺ എടുത്താകും, ഫ്ളാറ്റ് നിർമിക്കുക. ഒറ്റ വീട് നിർമാതാക്കളും ഈ വഴി തന്നെ സ്വീകരിക്കാറുണ്ട്. വീടുകളുടെ രജിസ്ട്രേഷനു മുൻപുതന്നെ ഇത്തരത്തിൽ വായ്പ എടുത്ത സ്ഥാപനത്തിൽ നിന്നുള്ള നോൺ എൻകംബ്രൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെടുകയും അത് പരിശോധിച്ച് ബോധ്യപ്പെടുകയും ചെയ്യണം. വസ്തുവോ വീടോ ഒരാൾ നിങ്ങൾക്ക് വിൽക്കുമ്പോൾ അയാൾക്ക് അതിനുള്ള നിയമപരമായ അവകാശം ഉണ്ടെന്ന് നിങ്ങൾ ഉറപ്പാക്കിയിരിക്കണം. ആധാരത്തിന്റെ അസലും, വീട്, സ്ഥലം എന്നിവയുടെ കരമടച്ച രസീത് എന്നിവ പരിശോധിക്കണം. സ്ഥലത്തിന്റെ യഥാർത്ഥ ഉടമയ്ക്ക് പകരം മറ്റാരെങ്കിലുമാണ് വിൽപ്പന നടത്തുന്നതെങ്കിൽ അതിനുള്ള പവർ ഓഫ് അറ്റോർണി അയാളുടെ കൈവശം ഉണ്ടെന്ന് ഉറപ്പാക്കണം. കെട്ടിട നിർമാണ ചട്ടങ്ങളെല്ലാം പാലിച്ചാണ് വീട് നിർമിച്ചിരിക്കുന്നതെന്നും ഉറപ്പാക്കണം.അല്ലെങ്കിൽ ചട്ടലംഘനം നടന്നു എന്ന് തെളിഞ്ഞാൽ അധികാരികൾ വീട് തന്നെ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടേക്കാം. കെട്ടിട നിർമാണത്തിനാവശ്യമായ ബന്ധപ്പെട്ടവരുടെ അനുമതി പത്രങ്ങൾ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കണം. നിങ്ങൾക്ക് സ്ഥലം വിൽക്കുന്ന ആളുടെ പേര് ആധാരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം. കൈവശാവകാശം സൂചിപ്പിക്കുന്ന പൊസഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. കരാറിൽ ഏർപ്പെടും മുൻപ് തന്നെ അവ പരിശോധിക്കേണ്ടതാണ്. വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങിയിരിക്കണം. വസ്തുവിന്റെ പേരിൽ മറ്റാരോടും നിയമപരമായ ബാധ്യത ഇല്ലെന്ന് തെളിയിക്കാൻ ഇത് അത്യാവശ്യമാണ്. ഒറ്റയ്ക്കുള്ള നിരവധി വീടുകൾ ചേർന്ന സമുച്ചയത്തിലാണ് നിങ്ങൾ വീടുകൾ വാങ്ങുന്നതെങ്കിൽ ഇന്റേണൽ റോഡുകൾ, പൊതു കളിസ്ഥലങ്ങൾ തുടങ്ങിയവയുടെ അവകാശത്തിന്റെ കാര്യത്തിൽ കൃത്യമായ രേഖകൾ നേടിയെടുത്തിരിക്കണം. വസ്തു, വീട് എന്നിവയുമായി ബന്ധപ്പെട്ട നികുതികൾ കൃത്യ സമയത്ത് അടച്ചിട്ടുണ്ട് എന്നതിന്റെ രേഖകൾ പരിശോധിക്കണം. വീട് നിർമിക്കാനുള്ള അനുമതി നൽകുന്നത് കേരള മുനിസിപ്പൽ ബിൽഡിങ് നിയമം അനുസരിച്ചാണ്. വീട് നിർമിക്കാൻ ഈ നിയമപ്രകാരം ലഭിച്ച അനുമതി പ്ലാനും വീടിന്റെ നിർമിതിയും താരതമ്യം ചെയ്ത് നിയമ ലംഘനമില്ലെന്ന് ഉറപ്പാക്കണം. ആയുസ്സിലൊരിക്കലാവും വീട് വാങ്ങുക. അതുകൊണ്ടുതന്നെ അത് വീട്ടിലെ എല്ലാവരുടെയും വിവിധ തരത്തിലുള്ള ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതാണെന്ന് ഉറപ്പാക്കുക. കുട്ടികൾക്ക് മുറ്റത്ത് ഓടിക്കളിക്കാനും കുടുംബാംഗങ്ങൾക്ക് പുറത്ത് വിശ്രമിക്കാനും ഒരു ചടങ്ങ് നടന്നാൽ ആളുകൾക്ക് ഇരിക്കാനും പറ്റുന്ന രീതിയിലുള്ള സൗകര്യം വീടിനൊപ്പം ഉറപ്പാക്കാൻ ശ്രദ്ധിക്കുക. കെട്ടിട നിർമാതാവ് ഇതിനുമുൻപ് പൂർത്തീകരിച്ച പദ്ധതികൾ പരിശോധിക്കണം.